2010 ഓഗസ്റ്റ് 19, വ്യാഴാഴ്‌ച

അപ്പൂപ്പന്‍ താടി

കണ്ടിട്ടുണ്ടോ ഈ അടുത്ത കാലത്തെങ്ങാന്‍, അപ്പൂപ്പന്‍ താടിയെ?


നാട്ടിലെ കാവുകളിലും പറമ്പുകളിലും മറ്റും ഒരുപാടുണ്ടായിരുന്നു; പക്ഷെ

ഇന്നത്‌ കാണാറില്ല. ഒരു വനപ്രദേശത്ത് പോകേണ്ടി വന്നു ഇത് പോലൊരു

പടം കിട്ടാന്‍.

അപ്പൂപ്പന്‍ താടിയും മഞ്ചാടിയുമെല്ലാം കൌതുകങ്ങളായി നിറഞ്ഞു നിന്നിരുന്നു

നമ്മുടെയൊക്കെ കുട്ടിക്കാലത്ത്. ഇന്നത്തെ കുട്ടികള്‍ ഇതൊക്കെ നേരില്‍

കണ്ടിട്ടുണ്ടോ എന്തോ. ചിലപ്പോ കേട്ടുകേള്‍വി പോലും ഉണ്ടാവില്ല.

മലയാള സിനിമകളില്‍ പോലും ഇപ്പൊ കാണാനില്ല എന്ന് തോന്നുന്നു.

ജെയിംസ്‌ കാമറൂണിന്റെ 'അവതാര്‍' കണ്ടപ്പോഴാണ് വീണ്ടും

അപ്പൂപ്പന്‍ താടിയെ ഓര്‍മ്മ വന്നത്. അസംഖ്യം അപ്പൂപ്പന്‍ താടികള്‍

3D എഫക്ടില്‍ വന്നു കാല്പനികമായൊരു മായിക പ്രപഞ്ചം തീര്‍ത്തപ്പോള്‍

അനിര്‍വച്ചനീയമായൊരു കാഴ്ചയായി അത്. നാട്ടിലൊക്കെ

കാവുകളുണ്ടായിരുന്നെങ്കില്‍ നേരില്‍ കാണാമായിരുന്നു ഇതുപോലൊക്കെ.

കാറ്റിന്റെ കൈവിരല്‍ പിടിച്ചു വാനോളം പറന്നുയര്‍ന്നും


പിന്നീടത്‌ മണ്ണിലേക്ക് താണിറങ്ങിയും; നമ്മുടെയൊക്കെ മോഹങ്ങള്‍ പോലെ...

നിയന്ത്രിക്കാനൊരു നൂല്‍ചരട് പോലുമില്ലാതെ,

മോഹങ്ങള്‍ പോലെ പാറിനടക്കുകയാണ് അപ്പൂപ്പന്‍ താടികള്‍.

ഇതെവിടെ നിന്ന് വന്നെന്നോ

എവിടേക്ക് പോകുന്നെന്നോ ആര്‍ക്കുമറിയില്ല. പക്ഷെ

ഇഷ്ട്ടാനുസരണം യാത്ര ചെയ്തുകൊണ്ടെയിരിക്കുന്നു,

ഒരിടത്തുമെത്താത്ത സഞ്ചാരിയെ പോലെ...
 
ഹമീദ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ