2010 ഓഗസ്റ്റ് 19, വ്യാഴാഴ്‌ച

സാവിത്രിചേച്ചി

ബസ്സ്റ്റോപ്പില്‍ ബസ് കയറാനായി നില്‍ക്കുമ്പോള്‍ സാവിത്രിചേച്ചി എത്തി. ചേച്ചി ഈ നാട്ടില്‍ എത്തിയിട്ട് കുറച്ചു നാളുകളേ ആയിട്ടുള്ളൂ. ചേച്ചി വരുന്ന വഴിക്കേ ചിരിച്ചു കാണിച്ചു. ചിരിയില്‍ പലതും നേടാം എന്നുള്ളതുകൊണ്ട് വെറുതെ ഒരു ചിരി ചേച്ചിക്ക് കൊടുത്തു. ആ ചിരിയില്‍ സംതൃപ്‌തയായ ചേച്ചി എന്തെങ്കിലും വരം ചോദിച്ചോളൂ എന്ന് ചോദിച്ചാല്‍...... ചേച്ചിവഴി അമ്മയെ ആവിശ്യം അറിയിക്കാം. ലോക്കല്‍ കമ്മറ്റി വഴി ജില്ലാകമ്മിറ്റിവഴി അങ്ങ് ഹൈക്കമാന്‍ഡില്‍ കാര്യം എത്തിക്കോളും. ചേച്ചിയെ എങ്ങനെ ഇതില്‍ ഉള്‍പ്പെടുത്താം എന്ന് ചിന്തിച്ചു തുടങ്ങിയപ്പോഴേ ചേച്ചി അടുത്തെത്തി.

“ജോലിയൊക്കെയായി അല്ലിയോ?”

“ആയി ചേച്ചി”

“എത്രനാളായി...”

“അഞ്ചാറുമാസമായി...”

“ഞാനറിഞ്ഞില്ല മോനേ നിനക്ക് ജോലി കിട്ടിയത്. ഇന്നലെ വീട്ടിലെ പിള്ളാരു പറഞ്ഞപ്പോഴാ ഞാനറിഞ്ഞത്...”

“ജോലി കിട്ടിയത് ഞാനാരോടും പറഞ്ഞില്ല ചേച്ചി”

“ജോലിയൊക്കെ ആയില്ലിയോ? അപ്പോള്‍ എങ്ങനാ കാര്യങ്ങള്‍...”

ചേച്ചിക്ക് വിവരം ഉണ്ട്. ജോലിയൊക്കെ ആയതുകൊണ്ട് കല്യാണം കഴിച്ചു കൂടേ എന്നാണ് ചേച്ചി ചോദിക്കുന്നത്. ഈ ചേച്ചി ചിന്തിക്കുന്നതുപോലെ തന്റെ വീട്ടിലെ ആര്‍ക്കെങ്കിലും ഒന്ന് ചിന്തിച്ചു കൂടേ....

“കാര്യങ്ങളൊക്കെ നടത്താന്‍ സമയമുണ്ടല്ലോ ചേച്ചി...”

“അങ്ങനൊന്നും പറഞ്ഞിട്ട് കാര്യമില്ലടാ.... അല്ലങ്കില്‍ തന്നെ ഇതിനൊക്കെ ഇപ്പോള്‍ ആരെങ്കിലും പ്രായം നോക്കാറു ണ്ടോ. ജോലിയായതിന്റെ പിറ്റേ മാസം തന്നെ എല്ലാവരും നടത്താറുള്ളതല്ലേ”

ഹൊ! ഈ ചേച്ചിയുടെ ഒരു കാര്യം. മന്ത്രി കല്പിച്ചതും കോണ്ട്രാകറ്റര്‍ ഇച്ഛിച്ചതും പാലം പണി എന്നതു പോലെയായി കാര്യങ്ങള്‍.

“അല്ല ചേച്ചി... അച്ഛന്‍ സമ്മതിക്കുമോന്ന് ഒരു പേടി... ഞാനിപ്പോഴും കൊച്ചു‌കുട്ടിയാണന്നാ അവരുടെ വിചാരം”

“അതൊക്കെ ഞാന്‍ പറഞ്ഞ് ശരിയാ‍ക്കിച്ചോളാം. മോന് സമ്മതമാണല്ലോ.”

ചേച്ചി വന്ന വഴിയേ തിരിച്ചു പോയി. ഏതായാലും ചേച്ചി അമ്മയോടോ അച്ഛനോടോ കാര്യങ്ങള്‍ പറഞ്ഞ് എല്ലാം ശരിയാക്കും.

വൈകിട്ട് വീട്ടില്‍ ചെന്ന് കയറുമ്പോള്‍ ചാരുകസേരയില്‍ അച്ഛന്‍ ഉണ്ടായിരുന്നു. അകത്തേക്ക് കടക്കാനായി ഉമ്മറപടിയിലേക്ക് കാല്‍ എടുത്തുവച്ചതും അച്ഛന്റെ ചോദ്യം.

“നീയിന്ന് രാവിലെ സാ‍വിത്രിയെ കണ്ടോ?”

കണ്ടില്ലന്ന് പറയാന്‍ പറ്റില്ല. സാവിത്രിചേച്ചി വന്ന് എന്തെങ്കിലും പറയാതെ അച്ഛന്‍ ഇങ്ങനെ ചോദിക്കില്ല.

“കണ്ടു”

“നിനക്കെത്രവയസായടാ...” അച്ഛന്റെ അടുത്ത ചോദ്യം.

“അടുത്ത ചിങ്ങത്തില്‍....” പറയാന്‍ തുടങ്ങിയതും അച്ഛന്റെ മറുചോദ്യം.

“ചിങ്ങം അവിടെ നില്‍ക്കട്ടെ. ഇത്രയും പ്രായം ആയിട്ടും ഒരു കാര്യം സ്വന്തമായിട്ട് ചെയ്യാന്‍ നിനക്കറിയില്ലേ?”

“അറിയില്ലേ എന്ന് ചോദിച്ചാല്‍ അറിയാം....സാവിത്രിചേച്ചി പറഞ്ഞകാര്യത്തില്‍ അച്ഛനെന്താ അഭിപ്രായം?”

“നമ്മള്‍ അല്പം താമസിച്ചുപോയോ എന്നൊരു സംശയം.... ഞാനവള്‍ക്ക് ഒരു ആയിരിത്തിമുന്നൂറു രൂപാ കൊടുത്തിട്ടൂണ്ട്”

ങേ !!! അവനൊന്ന് ഞെട്ടി.സാവിത്രിചേച്ചിക്ക് ബ്രോക്കറുപണിയും ഉണ്ടായിരുന്നോ? സാവിത്രിചേച്ചിക്ക് കാശു കൊടൂത്ത് പെണ്‍പിള്ളാരെയൊക്കെ നോക്കാന്‍ അച്ഛന്‍ തന്നെ ഏര്‍പ്പാടാക്കിയിരിക്കുന്നു. ഈ അച്ഛനെയാണല്ലോ താനെന്നും മനസില്‍ തെറിപറഞ്ഞ് നടന്നിരുന്നത്. പാവം അച്ഛന്‍ !!! .ഏതായാലും അല്പം വെയിറ്റിട്ട് നില്‍ക്കാം.

“ആയിരിത്തി മുന്നൂറു രൂപായൊക്കെ കൊടുത്ത് ... അതല്പം കൂടുതലായിപോയില്ലേ....”

“എടാ നിന്റെ ഈ പ്രായത്തില്‍ എനിക്ക് നാലെണ്ണം ഉണ്ടായിരുന്നു....”


അച്ഛന്‍ സെന്റി ആവുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തന്റെ പ്രായത്തില്‍ അച്ഛന് നാലു പിള്ളാര്‍ ഉണ്ടായിരുന്നന്ന്. അച്ഛന്‍ അല്പം മിനുങ്ങിയിട്ടാണോ ഇരിക്കുന്നത്. രണ്ടു ചേച്ചിമാരും താനും ഉള്‍പ്പെടെ മൂന്നു മക്കളല്ലേ ഉള്ളൂ. അച്ഛനിനി കണക്ക് തെറ്റിയതാണോ? ചിലപ്പോള്‍ അമ്മയും കൂടി കൂട്ടി നാലെന്ന് പറഞ്ഞതായിരിക്കും.


"നീ നാളെ പോകുമ്പോള്‍ സാവിത്രിയുടെ വീട്ടിലോട്ട് കയറി ഫോമിലൊന്ന് ഒപ്പിട്ടുകൊടുത്തോ. തിരിച്ചരിയല്‍ കാര്‍ഡിന്റെ കോപ്പിയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കൂടി കൊടുത്തോളണം”


ചേച്ചി അപ്പോള്‍ ഫുള്‍ സെറ്റപ്പിലാണ് പരിപാടി തുടങ്ങിയിരിക്കുന്നത്. നാട്ടിലൊരു മാണ്‍‌ട്രിമോണിയല്‍ ഏജന്‍സി തുടങ്ങിയത് അറിയാന്‍ താന്‍ വൈകി പോയല്ലോ. സിനിമയിലൊക്കെ കണ്ടിട്ടുള്ള ബ്രോക്കര്‍മാരാരും പാസ് പോര്‍ട്ട് സൈസ് ഫോട്ടോ കൊണ്ടുനടക്കുന്നത് കണ്ടിട്ടില്ലല്ലോ.

“ഫുള്‍ സൈസ് ഫോട്ടോയല്ലേ അച്ഛാനല്ലത് ? ”


“പോളിസി എടുക്കുന്നതിന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോമതി” അച്ഛന്റെ ഈ ഒരൊറ്റ മറുപിടി കൊണ്ട് ഭൂമി തിരിഞ്ഞ് കറങ്ങുന്നതായി തോന്നി. അപ്പോള്‍ രാവിലെ സാവിത്രിചേച്ചി തന്നോട് പോളിസി എടുക്കൂന്നതിനെ ക്കുറിച്ചാണല്ലേ പറഞ്ഞത്. വെറുതെ കുറേ സ്വപ്നങ്ങള്‍ കണ്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ