1964-ല്‍, പാര്‍ലമെന്റിലെ ഒരു ആക്ടില്‍ക്കൂടി യു.ടി.ഐ. അഥവാ യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ രൂപപ്പെട്ടതോടെ നമ്മുടെ നാട്ടുകാരും മ്യൂച്വല്‍ഫണ്ട് എന്നതെന്ത് എന്നറിഞ്ഞുതുടങ്ങി. അക്കാലത്ത് മേലെ തട്ടിലുള്ളവര്‍ മാത്രമായിരുന്നു ഇതില്‍ നിക്ഷേപകരായെത്തിയത്. ഇതിനെക്കുറിച്ചുള്ള അജ്ഞതയും ഭയവും മറ്റുള്ളവരെ ഇതില്‍ പണം മുടക്കുന്നതില്നിന്നു പിന്തിരിപ്പിച്ചു. എന്നാല്‍, ബാങ്ക് നിക്ഷേപത്തില്‍ നിന്നും വളരെ ഉയര്‍ന്ന വരുമാനം യു.ടി.ഐയുടെ മ്യൂച്വല്‍ ഫണ്ടില്‍ നിന്നും ലഭിക്കുന്നു എന്ന കേട്ടറിവ് ഇടത്തരക്കാരെക്കൂടി ഈ മേഖലയിലേക്കാകര്‍ഷിക്കാന്‍ കാരണമായി. യു.ടി.ഐ. ചില പുതിയ സ്കീമുകള്‍ ആവിഷ്കരിക്കുവാന്‍ തുടങ്ങുമ്പോള്‍ അതിന്റെ ആപ്ലിക്കേഷന്‍ വാങ്ങുവാനുള്ള കൗണ്ടറുകളിലെ നീണ്ട ക്യൂ പല പത്രങ്ങളിലും അക്കാലത്ത് വരാറുണ്ടായിരുന്നത് ഈ മേഖലയില്‍ അതുവരെ എത്തിച്ചേര്‍ന്നിട്ടില്ലാത്ത പലരും കൗതുകത്തോടെയാണ് വീക്ഷിച്ചിരുന്നത്. അവരുടെ ആദ്യകാലകൗതുകം പിന്നീടവരെ നിക്ഷേപകരാക്കി. പില്ക്കാലത്ത് മോശം പേരുണ്ടായെങ്കില്കൂടി സാധാരണക്കാരെ മ്യൂച്വല്‍ ഫണ്ടിലേക്കാകര്ഷിച്ചത് യു.ടി.ഐ. എന്ന പ്രസ്ഥാനമാണെന്ന് പറയാതെ വയ്യ. മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഫണ്ടുകള്‍ ഇന്നും മോശമല്ലാത്ത വരുമാനം നിക്ഷേപകന് നേടിത്തരുന്നു. ചിലരെങ്കിലും ഇതിനെക്കുറിച്ച് കാര്യം അറിയാതെയാണ് നിക്ഷേപം നടത്തുന്നതെന്നത് ദുഃഖകരമായ വസ്തുത! മ്യൂച്വല്‍ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിനുമുന്‍പ് അത്യാവശ്യമറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ ഇതാ.
മ്യൂച്വല്ഫണ്ടുകളെക്കുറിച്ച് പറയുമ്പോള്‍ ആദ്യമോര്‍ക്കേണ്ട വാക്ക് നെറ്റ് അസറ്റ് വാല്യു എന്നതുതന്നെ. N.A.V. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇതുതന്നെയാണ് ഒരു മ്യൂച്വല്‍ ഫണ്ടിനെ സംബന്ധിച്ച് ഏറ്റവും പ്രധാനമായ സംഗതി. എങ്ങനെയാണ് ഒരു ഫണ്ടിന്റെ N.A.V. കണ്ടെത്തുക?
താഴെ കൊടുത്തിരിക്കുന്ന ഉദാഹരണം ശ്രദ്ധിക്കുക. ഒരു മ്യൂച്വല്‍ ഫണ്ട് സ്കീം താഴെ കൊടുത്തിരിക്കുന്ന മൂന്നു കമ്പനികളുടെ ഓഹരികളില്‍ താഴെ പറയുംവിധമാണ് നിക്ഷേപിച്ചതെന്ന് കരുതുക.
A എന്ന കമ്പനിയുടെ 10000 ഓഹരികള്‍.
B എന്ന കമ്പനിയുടെ 20000 ഓഹരികള്‍.
C എന്ന കമ്പനിയുടെ 50000 ഓഹരികള്‍.
100000 യൂണിറ്റുകള്‍ 10 രൂപ മുഖവിലയില്‍ ഇഷ്യു ചെയ്ത ഈ മ്യൂച്വല്‍ഫണ്ട് കരുതല്‍ധനമായി 2,00,000 രൂപ മാറ്റിവയ്ച്ചിരിക്കുന്നുവെന്നും, ഈ ദിവസം വ്യാപാരം ക്ലോസ് ചെയ്യപ്പെട്ടപ്പോള്‍ ഈ ഓഹരികളുടെ വില യഥാക്രമം 50,30,8 എന്നിങ്ങനെയാണെന്നും കരുതുക. വാടക, ശമ്പളം, കമ്മീഷന് ഈ വകയില്‍ ഈ ഫണ്ടിന് അന്നേ ദിവസം 1,00,000 രൂപ ബാധ്യത നിലനില്‍ക്കുന്നുവെന്നും കരുതുക. അങ്ങനെയെങ്കില്‍, ഈ ദിവസം ഈ ഫണ്ടിന്റെ N.A.V. എത്രയെന്ന് കണ്ടുപിടിക്കുക താഴെ പറയും വിധമായിരിക്കും.
എന്‍എവി കണക്കാക്കുന്ന വിധം (മൂല്യം രൂപയില്‍)
കരുതല്‍ധനം 2,00,000
A എന്ന കമ്പനിയുടെ 10000 ഓഹരി @ 50 = 500000
B എന്ന കമ്പനിയുടെ 20000 ഓഹരി @ 30 = 600000
C എന്ന കമ്പനിയുടെ 50000 ഓഹരി @ 8 = 400000 15,00,000
മൊത്തം ആസ്തി 17,00,000
വാടക, കമ്മീഷന്, ശമ്പളം ഇനത്തിലുള്ള ബാധ്യത 1,00,000
ആകെ മൂല്യം 16,00,000
സ്കീമിലെ യൂണിറ്റുകളുടെ എണ്ണം 1,00,000
NAV 1600000 ¸ 100000 Rs. 16
ഒരു മ്യൂച്വല്‍ഫണ്ടിന്റെ ആന്തരികമൂല്യമെന്ന് വേണമെങ്കില്‍ എന്‍.എ.വി. യെ വിളിക്കാം. ഇതിനെ അടിസ്ഥാനമാക്കിയായിരിക്കും മൂലധനവര്‍ധനയും ലാഭവിഹിതവും മറ്റും നിക്ഷേപകന് ലഭിക്കുക. ഇവിടെ ഒരു കാര്യംകൂടി നിക്ഷേപകന് ശ്രദ്ധിക്കുക. വിപണിയുടെ തിരയിളക്കത്തില്‍ ഈ മ്യൂച്വല്‍ഫണ്ട് നിക്ഷേപം നടത്തിയ അ,ആ,ഇ എന്നീ കമ്പനികളുടെ ഓഹരികള്‍ യഥാക്രമം 30,10,4 രൂപയായി മാറിയെന്നിരിക്കട്ടെ. മറ്റുകാര്യങ്ങള്‍ക്ക് മാറ്റമില്ലാതെ തുടരുന്നപക്ഷം ഈ യൂണിറ്റിന്റെ എന്‍.എ.വി. (200000+10000 ´ 30+20000´ 10+50000X4 = 200000+300000+200000+200000-100000) എട്ട് രൂപയായി മാറും. ഓഹരി വിപണിയുടെ കയറ്റിയിറക്കങ്ങള്‍ എങ്ങനെയാണ് മ്യൂച്വല്‍ ഫണ്ടിന്റെ പ്രകടനത്തെ നേരിട്ടു ബാധിക്കുക എന്ന് ഇതില്‍നിന്ന് വ്യക്തമാണല്ലോ.
courtesy:mathrubhumi




