2011 മേയ് 22, ഞായറാഴ്‌ച

മ്യൂച്വല്‍ ഫണ്ടുകളുടെ മൂല്യമറിയാന്‍





1964-ല്‍, പാര്‍ലമെന്റിലെ ഒരു ആക്ടില്‍ക്കൂടി യു.ടി.ഐ. അഥവാ യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ രൂപപ്പെട്ടതോടെ നമ്മുടെ നാട്ടുകാരും മ്യൂച്വല്‍ഫണ്ട് എന്നതെന്ത് എന്നറിഞ്ഞുതുടങ്ങി. അക്കാലത്ത് മേലെ തട്ടിലുള്ളവര്‍ മാത്രമായിരുന്നു ഇതില്‍ നിക്ഷേപകരായെത്തിയത്. ഇതിനെക്കുറിച്ചുള്ള അജ്ഞതയും ഭയവും മറ്റുള്ളവരെ ഇതില്‍ പണം മുടക്കുന്നതില്‍നിന്നു പിന്‍തിരിപ്പിച്ചു. എന്നാല്‍, ബാങ്ക് നിക്ഷേപത്തില്‍ നിന്നും വളരെ ഉയര്‍ന്ന വരുമാനം യു.ടി.ഐയുടെ മ്യൂച്വല്‍ ഫണ്ടില്‍ നിന്നും ലഭിക്കുന്നു എന്ന കേട്ടറിവ് ഇടത്തരക്കാരെക്കൂടി ഈ മേഖലയിലേക്കാകര്‍ഷിക്കാന്‍ കാരണമായി. യു.ടി.ഐ. ചില പുതിയ സ്‌കീമുകള്‍ ആവിഷ്‌കരിക്കുവാന്‍ തുടങ്ങുമ്പോള്‍ അതിന്റെ ആപ്ലിക്കേഷന്‍ വാങ്ങുവാനുള്ള കൗണ്ടറുകളിലെ നീണ്ട ക്യൂ പല പത്രങ്ങളിലും അക്കാലത്ത് വരാറുണ്ടായിരുന്നത് ഈ മേഖലയില്‍ അതുവരെ എത്തിച്ചേര്‍ന്നിട്ടില്ലാത്ത പലരും കൗതുകത്തോടെയാണ് വീക്ഷിച്ചിരുന്നത്. അവരുടെ ആദ്യകാലകൗതുകം പിന്നീടവരെ നിക്ഷേപകരാക്കി. പില്ക്കാലത്ത് മോശം പേരുണ്ടായെങ്കില്‍കൂടി സാധാരണക്കാരെ മ്യൂച്വല്‍ ഫണ്ടിലേക്കാകര്‍ഷിച്ചത് യു.ടി.ഐ. എന്ന പ്രസ്ഥാനമാണെന്ന് പറയാതെ വയ്യ. മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഫണ്ടുകള്‍ ഇന്നും മോശമല്ലാത്ത വരുമാനം നിക്ഷേപകന് നേടിത്തരുന്നു. ചിലരെങ്കിലും ഇതിനെക്കുറിച്ച് കാര്യം അറിയാതെയാണ് നിക്ഷേപം നടത്തുന്നതെന്നത് ദുഃഖകരമായ വസ്തുത! മ്യൂച്വല്‍ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിനുമുന്‍പ് അത്യാവശ്യമറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ ഇതാ.
മ്യൂച്വല്‍ഫണ്ടുകളെക്കുറിച്ച് പറയുമ്പോള്‍ ആദ്യമോര്‍ക്കേണ്ട വാക്ക് നെറ്റ് അസറ്റ് വാല്യു എന്നതുതന്നെ. N.A.V. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇതുതന്നെയാണ് ഒരു മ്യൂച്വല്‍ ഫണ്ടിനെ സംബന്ധിച്ച് ഏറ്റവും പ്രധാനമായ സംഗതി. എങ്ങനെയാണ് ഒരു ഫണ്ടിന്റെ N.A.V. കണ്ടെത്തുക?
താഴെ കൊടുത്തിരിക്കുന്ന ഉദാഹരണം ശ്രദ്ധിക്കുക. ഒരു മ്യൂച്വല്‍ ഫണ്ട് സ്‌കീം താഴെ കൊടുത്തിരിക്കുന്ന മൂന്നു കമ്പനികളുടെ ഓഹരികളില്‍ താഴെ പറയുംവിധമാണ് നിക്ഷേപിച്ചതെന്ന് കരുതുക.
A എന്ന കമ്പനിയുടെ 10000 ഓഹരികള്‍.
B എന്ന കമ്പനിയുടെ 20000 ഓഹരികള്‍.
C എന്ന കമ്പനിയുടെ 50000 ഓഹരികള്‍.
100000 യൂണിറ്റുകള്‍ 10 രൂപ മുഖവിലയില്‍ ഇഷ്യു ചെയ്ത ഈ മ്യൂച്വല്‍ഫണ്ട് കരുതല്‍ധനമായി 2,00,000 രൂപ മാറ്റിവയ്ച്ചിരിക്കുന്നുവെന്നും, ഈ ദിവസം വ്യാപാരം ക്ലോസ് ചെയ്യപ്പെട്ടപ്പോള്‍ ഈ ഓഹരികളുടെ വില യഥാക്രമം 50,30,8 എന്നിങ്ങനെയാണെന്നും കരുതുക. വാടക, ശമ്പളം, കമ്മീഷന്‍ ഈ വകയില്‍ ഈ ഫണ്ടിന് അന്നേ ദിവസം 1,00,000 രൂപ ബാധ്യത നിലനില്ക്കുന്നുവെന്നും കരുതുക. അങ്ങനെയെങ്കില്‍, ഈ ദിവസം ഈ ഫണ്ടിന്റെ N.A.V. എത്രയെന്ന് കണ്ടുപിടിക്കുക താഴെ പറയും വിധമായിരിക്കും.
എന്‍എവി കണക്കാക്കുന്ന വിധം (മൂല്യം രൂപയില്‍)
കരുതല്‍ധനം 2,00,000
A എന്ന കമ്പനിയുടെ 10000 ഓഹരി @ 50 = 500000
B എന്ന കമ്പനിയുടെ 20000 ഓഹരി @ 30 = 600000
C എന്ന കമ്പനിയുടെ 50000 ഓഹരി @ 8 = 400000 15,00,000
മൊത്തം ആസ്തി 17,00,000
വാടക, കമ്മീഷന്‍, ശമ്പളം ഇനത്തിലുള്ള ബാധ്യത 1,00,000
ആകെ മൂല്യം 16,00,000
സ്‌കീമിലെ യൂണിറ്റുകളുടെ എണ്ണം 1,00,000
NAV 1600000 ¸ 100000 Rs. 16
ഒരു മ്യൂച്വല്‍ഫണ്ടിന്റെ ആന്തരികമൂല്യമെന്ന് വേണമെങ്കില്‍ എന്‍.എ.വി. യെ വിളിക്കാം. ഇതിനെ അടിസ്ഥാനമാക്കിയായിരിക്കും മൂലധനവര്‍ധനയും ലാഭവിഹിതവും മറ്റും നിക്ഷേപകന് ലഭിക്കുക. ഇവിടെ ഒരു കാര്യംകൂടി നിക്ഷേപകന്‍ ശ്രദ്ധിക്കുക. വിപണിയുടെ തിരയിളക്കത്തില്‍ ഈ മ്യൂച്വല്‍ഫണ്ട് നിക്ഷേപം നടത്തിയ അ,ആ,ഇ എന്നീ കമ്പനികളുടെ ഓഹരികള്‍ യഥാക്രമം 30,10,4 രൂപയായി മാറിയെന്നിരിക്കട്ടെ. മറ്റുകാര്യങ്ങള്‍ക്ക് മാറ്റമില്ലാതെ തുടരുന്നപക്ഷം ഈ യൂണിറ്റിന്റെ എന്‍.എ.വി. (200000+10000 ´ 30+20000´ 10+50000X4 = 200000+300000+200000+200000-100000) എട്ട് രൂപയായി മാറും. ഓഹരി വിപണിയുടെ കയറ്റിയിറക്കങ്ങള്‍ എങ്ങനെയാണ് മ്യൂച്വല്‍ ഫണ്ടിന്റെ പ്രകടനത്തെ നേരിട്ടു ബാധിക്കുക എന്ന് ഇതില്‍നിന്ന് വ്യക്തമാണല്ലോ.
courtesy:mathrubhumi

2011 മേയ് 21, ശനിയാഴ്‌ച

ലിങ്ക്ഡ് ഇന്‍ ഓഹരി വില്‍പന: വീണ്ടും ഡോട്ട്‌കോം ബൂം



ന്യൂയോര്‍ക്ക്: സൗഹൃദ കൂട്ടായ്മാ വെബ്‌സൈറ്റായ ലിങ്ക്ഡ് ഇന്നിന്റെ ഓഹരി വില്‍പന(ഐ.പി.ഒ) ലോകത്ത് വീണ്ടും ഡോട്ട് കോം ബൂമിന് വഴിവെക്കുമെന്ന് സൂചന. മെയ് 19ന് ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത ലിങ്ക്ഡിന്‍ ഇതിനോടകം 78.4 ലക്ഷം ഓഹരികള്‍ വിറ്റഴിച്ചു. 2004ലെ ഗൂഗിളിന്റെ ഇനീഷ്യല്‍ പബ്ലിക്ക് ഓഫറിന്(ഐ.പി.ഒ) ശേഷം ഒരു ഇന്റര്‍നെറ്റ് കമ്പനിയുടെ ഐ.പി.ഒക്ക് ഇത്രയും സ്വീകാര്യത ലഭിക്കുന്നത് ഇതാദ്യം.
ഓഫര്‍ തുകയുടെ രണ്ടു മടങ്ങോളം വര്‍ധനയോടെയാണ് ഓഹരികള്‍ അരങ്ങേറ്റം കുറിച്ചത്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യൊനൊരുങ്ങുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളായ ഫേസ്ബുക്കിനും, ഗ്രൂപ്പ്ഓണിനും പ്രതീക്ഷ നല്‍കുന്നതുമായി ലിങ്ക്ഡ് ഇന്‍ ഐ.പി.ഒ.
83 ഡോളര്‍ നിരക്കില്‍ വ്യാപാരമാരംഭിച്ച ലിങ്ക്ഡ് ഇന്‍ ഓഹരികള്‍ ആദ്യ ദിവസം തന്നെ 122.70 ഡോളറിലേക്ക് കുതിച്ചുയര്‍ന്നു. പിന്നീട് വില കുറഞ്ഞെങ്കിലും ഓഫര്‍ തുകയുടെ രണ്ട് മടങ്ങ് വര്‍ധനയോടെ 94.25 ഡോളര്‍ നിരക്കിലാണ് വ്യാപാരമവസാനിപ്പിച്ചത്. ഇത് കമ്പനിയുടെ വിപണിയിലെ മൂല്യം 900 കോടി ഡോളറാക്കി ഉയര്‍ത്തുകയും ചെയ്തു. പ്രൊഫഷണലുകള്‍ക്ക് പുതിയ ജോലി കണ്ടെത്താനും മറ്റും അനന്ത സാധ്യത തുറന്നിടുന്ന വെബ്‌സൈറ്റാണ് ലിങ്ക്ഡ് ഇന്‍. ലോകത്തൊട്ടാകെ ഒരു കോടി അംഗങ്ങളാണ് ലിങ്ക്ഡ് ഇന്നിന് ഉള്ളത്. യൂറോപ്പിലും ഏഷ്യയിലും സാന്നിധ്യം വ്യാപിപ്പിക്കുന്നതിനായി കമ്പനി ശ്രമിക്കുന്നുമുണ്ട്.
--

നിക്ഷേപിക്കാം ഇ-ഉത്പന്നങ്ങളില്‍





രോ മലയാളിയും ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ നാളേക്ക് വേണ്ടി തന്റെ സമ്പാദ്യം കരുതി വയ്ക്കുന്നുണ്ട്. അത് ചിലപ്പോള്‍, സേവിങ്‌സ് ബാങ്ക് അക്കൗണ്ട്, ഫിക്‌സഡ് ഡെപ്പോസിറ്റ്, റെക്കറിങ് ഡെപ്പോസിറ്റ് പോലുള്ള ബാങ്ക് നിക്ഷേപങ്ങളിലൂടെയാവാം. അല്ലെങ്കില്‍ ഓഹരിയിലോ മ്യൂച്വല്‍ ഫണ്ടിലോ റിയല്‍ എസ്‌റ്റേറ്റിലോ സ്വര്‍ണത്തിലോ ഒക്കെയാവാം.

കാലം മാറി.... അതിനനുസരിച്ച് പുതിയ നിക്ഷേപ മാര്‍ഗ്ഗങ്ങള്‍ രംഗപ്രവേശം ചെയ്യുകയാണ്. ഇലക്ട്രോണിക് യുഗത്തിലെ നിക്ഷേപമാവുമ്പോള്‍ അത് ഇലക്ട്രോണിക് രൂപത്തില്‍ തന്നെയാവണ്ടേ...?

അതേ, ഇ-നിക്ഷേപം വന്നെത്തിക്കഴിഞ്ഞു. ഉത്പന്ന തയ്യാര്‍ വ്യാപാര എക്‌സ്‌ചേഞ്ചായ നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ച് ലിമിറ്റഡ് (എന്‍എസ്ഇഎല്‍) ആണ് ഇലക്ട്രോണിക് രൂപത്തിലുള്ള നിക്ഷേപങ്ങള്‍ സാധ്യമാക്കിയിരിക്കുന്നത്.

ഇ-സീരീസ് എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ നിക്ഷേപ മാര്‍ഗ്ഗം ഉപയോഗിച്ച് സ്വര്‍ണത്തിലും വെള്ളിയിലുമൊക്കെ നിക്ഷേപിക്കാം. മറ്റൊരു ലോഹമായ ചെമ്പിലും (കോപ്പര്‍) എന്‍എസ്ഇഎല്‍ ഇ-സീരീസ് അവതരിപ്പിച്ചിട്ടുണ്ട്.

ചെറുനിക്ഷേപങ്ങള്‍ വരെ നടത്താം എന്നതാണ് ഇ-സീരീസിന്റെ പ്രത്യേകത. എപ്പോള്‍ വേണമെങ്കിലും വിറ്റു പണമാക്കാം. അതിനാല്‍ ലിക്വിഡിറ്റി വളരെ കൂടുതലാണ്. സുരക്ഷയാണ് മറ്റൊരു പ്രധാന മേന്മ. സ്വര്‍ണാഭരണങ്ങളോ നാണയങ്ങളോ കൈയ്യില്‍ വാങ്ങി സൂക്ഷിക്കുകയാണെങ്കില്‍ അത് മോഷണം പോകാനോ കണഞ്ഞുപോകാനോ ഉള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ഇ-സീരീസില്‍ നിക്ഷേപം നടത്തുമ്പോള്‍ ഇലക്ട്രോണിക് (ഡീമാറ്റ്) രൂപത്തിലാണ് നിക്ഷേപമെന്നതിനാല്‍ സ്വര്‍ണവും വെള്ളിയും ചെമ്പുമൊന്നും കൈയ്യില്‍ കൊണ്ടുനടക്കേണ്ടതില്ല. അതിനാല്‍ നഷ്ടപ്പെടുമെന്ന പേടി വേണ്ട. ഡീമാറ്റ് രൂപത്തില്‍ തന്നെ വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. ആവശ്യമുണ്ടെങ്കില്‍ ഫിസിക്കല്‍ ഡെലിവറിയുമെടുക്കാം.

വിപണിയിലെ വില വ്യതിയാനങ്ങളുടെ ഗുണഫലം കിട്ടുകയും ചെയ്യും. ഇന്ത്യയില്‍ എവിടെയും ഒരേ വില തന്നെ. എവിടെയിരുന്നും വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. പ്രതിദിന കോണ്‍ട്രാക്ടിലാണ് വ്യാപാരം നടക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ (അവധി ദിവസങ്ങള്‍ ഒഴികെ) രാവിലെ 10 മുതല്‍ രാത്രി 11.30 വരെയാണ് ഇടപാട്.

ടി പ്ലസ് 2 സംവിധാനത്തിലാണ് സെറ്റില്‍മെന്റ്. അതായത് കൈവശമുള്ള ഇ-സീരീസ് വിറ്റ് രണ്ട് പ്രവൃത്തി ദിവസത്തിനുള്ളില്‍ നമ്മുടെ അക്കൗണ്ടില്‍ പണമെത്തും. വാങ്ങുന്നവരാണെങ്കില്‍ രണ്ട് ദിവസത്തിനുള്ളില്‍ പണം നല്‍കേണ്ടതുണ്ട്.

ആയിരം രൂപയില്‍ താഴെയുള്ള തുകയ്ക്ക് വരെ നിക്ഷേപം നടത്താമെന്നതാണ് ഇ-സീരീസിന്റെ പ്രത്യേകത. ഇ-കോപ്പറിന്റെ ഒരു ലോട്ടിന് 600 രൂപയില്‍ താഴെ മാത്രമാണ് വില. ഏതൊരു ചെറിയ നിക്ഷേപകനും ഇതിന്റെ സാധ്യത പ്രയോജനപ്പെടുത്താം.

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് മാര്‍ഗ്ഗത്തിലും വേണമെങ്കില്‍ നിക്ഷേപം നടത്താം. അതായത് ഓരോരുത്തരുടെയും വരുമാനവും താത്പര്യവും അനുസരിച്ച് ഓരോ മാസവും ഒന്നോ രണ്ടോ ഗ്രാം ഇ-ഗോള്‍ഡ് വാങ്ങി വയ്ക്കാം. ഭാവിയിലേക്കുള്ള ആവശ്യം മുന്‍നിര്‍ത്തി ഇത് വാങ്ങാം. ആവശ്യം വരുമ്പോള്‍ ഒരുമിച്ച് വിറ്റ് കാശാക്കാം.

നിക്ഷേപം തുടങ്ങാന്‍

എന്‍എസ്ഇഎല്ലില്‍ അംഗത്വമെടുത്തിട്ടുള്ള ഏത് സ്റ്റോക്ക് ബ്രോക്കിങ്, കമോഡിറ്റി ബ്രോക്കിങ് സ്ഥാപനങ്ങളില്‍ നിന്നും ഇ-സീരീസിന്റെ ഇടപാട് നടത്താം. ഡീമാറ്റ് അക്കൗണ്ടും ട്രേഡിങ് അക്കൗണ്ടും തുടങ്ങി അവിടെ ക്ലയന്റായി ചേരണമെന്ന് മാത്രം.

കേരളം ആസ്ഥാനമായുള്ള കമ്പനികളില്‍ ഇ-സീരീസ് ഇടപാടിനായി എന്‍എസ്ഇഎല്ലില്‍ നിന്ന് അംഗത്വമെടുത്തിരിക്കുന്നവര്‍ ഇവയാണ്:
ജിയോജിത് കോംട്രേഡ്
ഷെയര്‍വെല്‍ത്ത് സെക്യൂരിറ്റീസ്
അക്യുമെന്‍
വെര്‍ട്ടെക്‌സ്
ഇവയുടെ ശാഖകളില്‍ ക്ലയന്റായി ചേര്‍ന്ന് ഇ-സീരീസില്‍ നിക്ഷേപം നടത്താവുന്നതാണ്.

ദേശീയ തലത്തില്‍ അമ്പതോളം സ്‌റ്റോക്ക് ബ്രോക്കിങ് / കമോഡിറ്റ് ബ്രോക്കിങ് സ്ഥാപനങ്ങള്‍ എന്‍എസ്ഇഎല്ലില്‍ അംഗങ്ങളാണ്.

മുംബൈ ആസ്ഥാനമായുള്ള നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ചി (എന്‍എസ്ഇഎല്‍)ന്റെ കേരളത്തിലെ ഓഫീസ് കൊച്ചിയിലാണ്. ഫോണ്‍: 0484-6576799


ഇ-ഗോള്‍ഡ്

സ്വര്‍ണത്തില്‍ ഡീമാറ്റ് രൂപത്തില്‍ നിക്ഷേപം നടത്താന്‍ അവസരമൊരുക്കുന്ന ഉത്പന്നമാണ് ഇ-ഗോള്‍ഡ്. ഇക്കഴിഞ്ഞ മാര്‍ച്ച് 17നാണ് എന്‍എസ്ഇഎല്‍ ഇത് അവതരിപ്പിച്ചത്. 995 പരിശുദ്ധിയുള്ള ഒരു ഗ്രാം സ്വര്‍ണമാണ് ഒരു യൂണിറ്റ്. പരമാവധി 10,000 യൂണിറ്റുകളുടെ വരെ ഇടപാട് നടത്താം. അഞ്ച് ശതമാനമാണ് മാര്‍ജിന്‍.

8, 10, 100 ഗ്രാം, അല്ലെങ്കില്‍ ഒരു കിലോ ആയി ഡെലിവറി എടുക്കാം. ഡെലിവറി ലഭിക്കുന്നത് 999 പരിശുദ്ധിയിലുള്ള തനിതങ്കമാണ്. അതിനാല്‍ നാമമാത്രമായ തുക പ്രീമിയം നല്‍കണം. കഴിഞ്ഞയാഴ്ചയിലെ വിലയനുസരിച്ച് 10 ഗ്രാമിന് 8.31 രൂപ മാത്രമാണ് സ്വര്‍ണം ഡെലിവറിയെടുക്കുമ്പോള്‍ (999ന്റെ പ്രീമിയം ഇനത്തില്‍) അധികം നല്‍കേണ്ടത്.

സ്വര്‍ണവില നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇ-ഗോള്‍ഡ് നല്ലൊരു നിക്ഷേപമാര്‍ഗ്ഗമാണ്. സ്വര്‍ണം ആഭരണമായോ നാണമായോ നേരിട്ട് വാങ്ങി വച്ച ശേഷം വില്‍ക്കുമ്പോള്‍, പണിക്കുറവും തേയ്മാനവുമൊക്കെ കഴിഞ്ഞ് പലപ്പോഴും വിപണി വില കിട്ടില്ല. എന്നാല്‍ ഇ-ഗോള്‍ഡിലെ നിക്ഷേപം സ്വര്‍ണത്തിലെ മൂല്യവര്‍ധന പൂര്‍ണമായും പ്രയോജനപ്രദമാക്കാന്‍ സഹായിക്കുന്നതാണ്.

ഇ-സില്‍വര്‍

സ്വര്‍ണവില പോലെ തന്നെ വെള്ളി വിലയും കുതിച്ചുയരുകയാണ്. ഇത് പ്രയോജനപ്പെടുത്താന്‍ സഹായിക്കുന്ന നിക്ഷേപ മാര്‍ഗ്ഗമാണ് ഇ-സില്‍വര്‍. 999 പരിശുദ്ധിയുള്ള വെള്ളിയാണ് ഇ-സില്‍വറില്‍ വ്യാപാരം നടത്തുന്നത്. 100 ഗ്രാമാണ് ഏറ്റവും കുറഞ്ഞ നിക്ഷേപ പരിധി. തുടര്‍ന്ന് 100 ഗ്രാമിന്റെ ഗുണിതങ്ങളാവാം. പരമാവധി 50,000 യൂണിറ്റുകള്‍. 100 ഗ്രാം, ഒരു കിലോ, അഞ്ച് കിലോ എന്നിങ്ങനെ ഡെലിവറിയുമെടുക്കാം.

ഇ-കോപ്പര്‍

മഞ്ഞലോഹമായ സ്വര്‍ണത്തെപ്പോലെ നിക്ഷേപത്തിന് പറ്റിയ മറ്റൊരു ലോഹമാണ് ചെമ്പ്. ഒരു കിലോഗ്രാമാണ് കുറഞ്ഞ നിക്ഷേപ പരിധി. പരമാവധി 50,000 യൂണിറ്റുകള്‍ വാങ്ങാം. ഡീമാറ്റ് രൂപത്തില്‍ തന്നെയാണ് ഇതിന്റെയും ഇടപാട്. ഡീമാറ്റ് രൂപത്തില്‍ തന്നെ വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. ആവശ്യമുണ്ടെങ്കില്‍ ഡെലിവറിയുമെടുക്കാം.

കൂടുതല്‍ ഉത്പന്നങ്ങള്‍

ഇ-സീരീസില്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ അവതരിപ്പിക്കാനിരിക്കുകയാണ് എന്‍എസ്ഇഎല്‍. കൂടുതല്‍ ലോഹങ്ങളും കുരുമുളക് ഉള്‍പ്പെടെയുള്ള ഏതാനും കാര്‍ഷിക ഉത്പന്നങ്ങളും അവതരിപ്പിക്കാനാണ് പരിപാടി.

--